ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നൽകിയ ആത്മവിശ്വാസമാണ് ഈ സിനിമയ്ക്ക് പിന്നിലെന്ന് സംവിധായകൻ ജോഫിൻ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കഴിഞ്ഞ വർഷത്തെ സിനിമകൾ എല്ലാം നന്നായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. അദ്ദേഹം കുടുംബത്തിന് പ്രാധാന്യം നൽകുന്ന നടനാണെന്നും ഭാര്യയുടെ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഫോണിൽ കൂടുതലായും ഉള്ളതെന്നും ആസിഫ് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് പറ്റും. പുള്ളിയുമായി ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും നല്ലൊരു എക്‌സ്പീരിയന്‍സാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നു. കൂടുതല്‍ ഫോട്ടോസും ഫാമിലിയുടെ കൂടെയുള്ളതായിരുന്നു. ഫാമിലിക്ക് അത്രമാത്രം ഇംപോര്‍ട്ടന്‍സ് മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍ കൂടുതലും.
എന്റെ ഫോണിലെ ഗാലറിയില്‍ സമ(ആസിഫിന്‍റെ ഭാര്യ)യെ നിർത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങൾ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. ഒരുപാട് നാളിന് ശേഷം ദുബായിൽ വെച്ച് മമ്മൂക്കയെ കണ്ടപ്പോൾ നിന്റെ കഴിഞ്ഞ വർഷത്തെ സിനിമകൾ ഒക്കെയ് നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു,'ആസിഫ് അലി പറഞ്ഞു.
അതേസമയം, കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlights: Asif Ali says that Mammooka's phone is full of pictures with his family