ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. ചിത്രം തെലുങ്കിനേക്കാൾ കൂടുതൽ കളക്ഷൻ സ്വന്തമാക്കിയത് ഹിന്ദി പതിപ്പിലൂടെയായിരുന്നു. പുഷ്പയോടൊപ്പം ഇറങ്ങിയ പല ഹിന്ദി സിനിമകളെയും മറികടന്ന് റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാക്കുന്നുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം ബോളിവുഡിലെ ഹിറ്റ് ഫിലിം മേക്കര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ജുഹുവിലെ ഓഫീസ് അല്ലു സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടിയത്. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രം പണിപ്പുരയിലാണ്. ഇതിലായിരിക്കും അല്ലു അര്‍ജുനും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയും വന്നിട്ടില്ല.
അതേസമയം, 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്. ജനുവരി 17 മുതൽ രുപത് മിനിറ്റ് അധികമുള്ള സീനുകളുമായി ചിത്രം എത്തുകയാണ്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഇ വിവരം പുറത്തുവിട്ടത്. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിട്ടാകും. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.
Content Highlights: There are reports that Allu Arjun is also in the Sanjay Leela Bhansali film