ഷങ്കറിന് ഇത് കഷ്ടകാലം, ഗെയിം ചേഞ്ചറിന് വെല്ലുവിളിയായി ബാലയ്യ; വമ്പൻ റിലീസുമായി 'ഡാക്കു മഹാരാജ്'

ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നതെങ്കിൽ ഷങ്കർ ചിത്രത്തിനെ ബാലയ്യ കടത്തിവെട്ടുമെന്നാണ് സൂചനകൾ

dot image

ഷങ്കർ സംവിധാനം ചെയ്ത് രാം ചരൺ നായകനായി എത്തിയ പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി ബഡ്ജറ്റിൽ വമ്പൻ കാൻവാസിൽ എടുത്ത സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഗെയിം ചേഞ്ചറിന് വെല്ലുവിളിയായി മറ്റൊരു സിനിമയെത്തുകയാണ്.

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'ഡാക്കു മഹാരാജ്' ഞായറാഴ്ച സംക്രാന്തി റിലീസായി തിയേറ്ററിലെത്തും. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ട്രെയിലറിലെ ആക്ഷൻ സീനുകൾക്കും വിഷ്വൽസിനും വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഇപ്പോൾ ഗെയിം ചേഞ്ചറിനേക്കാൾ ബുക്കിംഗ് ആണ് ഡാക്കു മഹാരാജിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നതെങ്കിൽ ഷങ്കർ ചിത്രത്തിനെ ബാലയ്യ കടത്തിവെട്ടുമെന്നാണ് സൂചനകൾ.

ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി റൗട്ടേല, ബോബി ഡിയോൾ, പ്രഗ്യ ജയ്‌സ്വാൾ, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. തമൻ എസ് ആണ് ഡാക്കു മഹാരാജിന്റെ സംഗീതം ഒരുക്കുന്നത്. അതേസമയം, ഗെയിം ചേഞ്ചറിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിട്ടുണ്ട്.

എന്നാൽ ഈ കണക്കുകൾ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം. യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നുണ്ട്. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Content Highlights : Balayya film Daakku Maharaaj overtakes game changer in collection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us