2023 ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ജയിലറിന്റേത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോർഡുകൾ തകർത്താണ് മുന്നേറിയത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലർ. സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഒരുങ്ങുന്നെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി ഉയർന്നുകേൾക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചെറിയൊരു സൂചന നൽകിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
'സൺ പിക്‌ചേഴ്‌സിന്റെ അടുത്ത സൂപ്പർ സാഗ. ഒരു ഗംഭീര അന്നൗൺസ്‌മെന്റിനായി ഒരുങ്ങിക്കോളൂ', എന്ന ക്യാപ്ഷനോടൊപ്പം ഒരു വീഡിയോ നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ഇതുവരെയുള്ള സിനിമകളുടെ ഒരു മാഷപ്പ് വീഡിയോ ആണ് ഉള്ളടക്കം. വീഡിയോയുടെ അവസാനം ദി നെക്സ്റ്റ് സൂപ്പർ സാഗ എന്നെഴുതി കാണിക്കുന്നുമുണ്ട്. ഇതോടെയാണ് ഇത് ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്.
Sun Pictures' next Super Saga 🔥
— Sun Pictures (@sunpictures) January 11, 2025
Gear up for the explosive announcement💥
Stay Tuned!#SunPictures pic.twitter.com/BFYfwBcQt7
ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.
അനിരുദ്ധ് ആയിരുന്നു സിനിമയ്ക്കായി സംഗീതം നിർവഹിച്ചത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യും.
Content Highlights: Jailer 2 announcement soon says Sun Pictures