2022 ലെ തമിഴിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ. പ്രദീപ് രംഗനാഥൻ തന്നെ നായകനായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്കൊപ്പം വലിയ ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ലവ് യാപാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ജുനൈദ് ഖാനും ഖുഷി കപൂറുമാണ്. തമിഴ് പതിപ്പിനെ അതേ പടി ഹിന്ദിയിലേക്ക് പകർത്തിയിരിക്കുന്നെന്നാണ് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകുന്നത്.
നടൻ ആമിർ ഖാന്റെ മകനാണ് ജുനൈദ് ഖാൻ. ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകളാണ് ഖുഷി കപൂർ. സിനിമയുടെ ഹിന്ദി ട്രെയിലറിനും മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ലവ് ടുഡേയുടെ നിർമാതാക്കളായ എജിഎസ് എന്റർടൈയ്ൻമെൻ്റ്സ് ആണ് ഹിന്ദി റീമേക്കും നിർമിക്കുന്നത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലവ് യാപാ ഫെബ്രുവരി 7 ന് തിയേറ്ററിലെത്തും. ലാൽ സിംഗ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും സിനിമയുടെ നിർമാതാക്കളാണ്.
സിദ്ധാർത്ഥ് പി. മൽഹോത്ര സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രമായ മഹാരാജ് ആണ് ജുനൈദ് ഖാൻ ആദ്യമായി അഭിനയിച്ച ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. വെറും അഞ്ച് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ലവ് ടുഡേ 100 കോടിക്കും മുകളിൽ നേടി വലിയ വിജയമായിരുന്നു തമിഴിൽ സ്വന്തമാക്കിയത്. ഇവാന ആയിരുന്നു സിനിമയിൽ നായികയായി എത്തിയത്. യോഗി ബാബു, രാധിക ശരത്കുമാർ, സത്യരാജ് എന്നിവരായിരുന്നു ലവ് ടുഡേയിൽ പ്രധാന വേഷത്തിലെത്തിയ അഭിനേതാക്കൾ.
Content Highlights: Love today Hindi remake Loveyapa trailer out now