ഷെയ്ൻ നിഗം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മദ്രാസ്‌ക്കാരൻ. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻദാസ് ആണ്. ഇന്നലെ തിയേറ്ററിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ ഇടപ്പള്ളി വനിത-വിനീത തിയറ്ററില്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷെയ്നും എത്തിയിരുന്നു. സിനിമ കണ്ടിട്ട് വേണം അതിനെക്കുറിച്ചു വിലയിരുത്താനെന്നും സിനിമ കാണാതെ, ചിലര്‍ പറയുന്നത് കേട്ട് തീരുമാനം എടുക്കരുതെന്നും പ്രദര്‍ശനത്തിന് ശേഷം ഷെയ്ന്‍ നിഗം മാധ്യമങ്ങളോട് പറഞ്ഞു.
'എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്, അത് പ്രചരിപ്പിക്കുക. അല്ലാതെ വേറൊരു വെറുപ്പ് പ്രചരിപ്പിക്കരുത് ബ്രോ. ഒരുപാട് പറയുന്നില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ കണ്ണൊക്കെ നിറഞ്ഞുപോകും. അങ്ങനത്തെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. സഹായിക്കുക. വലിയൊരു അപേക്ഷയാണ്', ഷെയ്ന്‍ നിഗം പറഞ്ഞു. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടക്കുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് 'ദൈവം ഉണ്ട്. നീതിയേ നടപ്പിലാവൂ. അതില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്' എന്നായിരുന്നു ഷെയ്നിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിൽ ഷെയ്നിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അഭിമുഖങ്ങളിൽ ഷെയ്ന്‍ നടത്തിയ ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചുകൊണ്ടായിരുന്നു വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിലാണ് ഷെയ്നിന്‍റെ പ്രതികരണം എന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഒരു പക്കാ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രം ആണ് മദ്രാസ്‌ക്കാരൻ. ചിത്രത്തിൽ കലൈയരസനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രംഗോലി എന്ന ചിത്രത്തിന് ശേഷം വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസ്‌ക്കാരൻ. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സുന്ദരമൂർത്തി സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസന്ന എസ് കുമാർ നിർവ്വഹിക്കുന്നു.
Content Highlights: Shane Nigam reacts to social media hate campaign