എം സി ജിതിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ സിനിമയാണ് സൂക്ഷ്മദർശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മികച്ച അഭിപ്രായങ്ങൾ ആയിരുന്നു സിനിമക്ക് തിയേറ്ററിൽ നിന്ന് ലഭിച്ചത്. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ആണ് ഒടിടി റിലീസിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്.
മലയാളം ഇൻഡസ്ട്രിയിൽ നിന്നുള്ള അടുത്ത മികച്ച ചിത്രമാണ് സൂക്ഷ്മദർശിനിയെന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ലീഡ് ആയി എത്തിയ നസ്രിയയെയും ബേസിൽ ജോസഫിനെയും പുകഴ്ത്തുന്നതിനോടൊപ്പം സിനിമയുടെ ക്ലൈമാക്സ് ട്വിസ്റ്റിനും കൈയ്യടി ലഭിക്കുന്നുണ്ട്. ഒട്ടും ലാഗടിപ്പിക്കാതെ ആണ് സിനിമ മുന്നോട്ട് പോകുന്നതെന്നും മികച്ച സിനിമകൾ കൊണ്ട് മലയാളം
വീണ്ടും ഞെട്ടിക്കുകയാണെന്നാണ് എക്സില്‍ വരുന്ന കമന്‍റുകള്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിച്ചത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യറാണ്.
Content Highlights: Sookshmadarshini gets good response after ott release