ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. തിയേറ്ററുകളിലെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിമ എന്താണെന്ന് അറിയാത്ത തന്റെ അച്ഛൻ തന്ന സപ്പോർട്ട് ആണ് സിനിമാ കരിയറിലെ ആത്മവിശ്വാസമെന്നും രേഖാചിത്രം കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും ഈ ചിത്രം അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും ജോഫിൻ ടി ചാക്കോ പറഞ്ഞു.
'2012 ,13 കാലം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോൾ, അതിനെ അറിയുന്നവർ മുഴുവൻ എതിർത്തപ്പോൾ, തിയേറ്ററിൽ പോയി സിനിമ പോലും കാണാത്ത നാട്ടിൽ എല്ലായിടത്തും കർക്കശക്കാരനായ അദ്ധ്യാപകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, സിനിമ എന്താണെന്ന് എനിക്ക് അറിയില്ല. ആ ലോകത്തെ പറ്റി കേൾക്കുന്നതും അത്ര നല്ലതല്ല. പക്ഷെ നിന്റെ ആഗ്രഹത്തിന് കുറച്ചു കാലം ശ്രമിക്കുക. ഒന്നും നടന്നില്ലെങ്കിൽ വിടുക. അടുത്ത പരിപാടി നോക്കുക. നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത്. നിനക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഞാൻ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല. ഈ ഒരു ഉറപ്പിലാണ് ഞാൻ കൊച്ചിയിലേക്കും സിനിമയിലേക്കും വരുന്നത്.
ആദ്യ സിനിമക്ക് ശേഷം ഉണ്ടായ നാല് വർഷത്തെ ഒരു ഗ്യാപ്പ് ആച്ചക്ക് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു. രേഖാചിത്രത്തിന്റെ തിരക്കഥ വായിക്കാൻ കൊടുത്തിരുന്നു. പക്ഷെ അത് നടക്കാനുള്ള ബുദ്ധിമുട്ടിൽ ആച്ചക്ക് വിഷമം ഉണ്ടായത് കൊണ്ടോ എന്തോ അത് വായിച്ചില്ല. അങ്ങനെ എല്ലാം ഓക്കേ ആയി. സിനിമ തുടങ്ങാൻ നിൽക്കുന്ന സമയത്ത് ആസിക്കയും ഞങ്ങളും സ്ക്രിപ്റ്റ് വായനക്ക് വേണ്ടി ഇരുന്ന ദിവസത്തെ രാത്രിയിൽ ഒന്നും പറയാതെ ആച്ച പോയി. കഴിഞ്ഞ ഫെബ്രുവരി 14ന്. എന്റെ സിനിമ ആച്ച കണ്ടില്ല. ഈ അഭിപ്രായങ്ങൾ കേൾക്കാൻ ആച്ച നിന്നില്ല. പക്ഷെ ഈ വിജയവും ഈ സിനിമയും ഞാൻ ആച്ചക്ക് സമർപ്പിക്കുകയാണ്' ജോഫിൻ ടി ചാക്കോ പറഞ്ഞു.
അതേസമയം, മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണർ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlights: Jofin T Chacko says his father was not there to see the success of the rekhachithram film