ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രമാണ് ഡാകു മഹാരാജ്. സംക്രാന്തി റിലീസായെത്തിയ ചിത്രം തിയേറ്ററിൽ ആളെ നിറച്ച് മുന്നേറുകയാണ്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പാർട്ടിയിലെ ഒരു വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിലെ വൈറലായ ദാബിഡി ദിബിഡി ഗാനം ബാലയ്യയും നടി ഉർവശി റൗട്ടേലയും ഒന്നിച്ച് പാർട്ടിയിൽ ഡാന്‍സ് കളിക്കുന്ന വീഡിയോ നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ബാലയ്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിലെ അതൃപ്‍തി നടിയുടെ മുഖത്ത് കാണാം എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ബാലയ്യയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ബാലയ്യയുടെ ഇത്തരം പെരുമാറ്റം അതിര് കടക്കുന്നതാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്.
ഡാകു മഹാരാജ് എന്ന ചിത്രത്തിൽ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫർ. തമന്‍ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമർശനം ഉയരുന്ന ഗാനത്തിന്റെ കാഴ്ചക്കാർ യൂട്യൂബില്‍ 2 മില്യണിലേറെയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Daku Maharaj movie's success video goes viral