വിദേശപഠനം അവസാനിപ്പിച്ച് തിരിച്ചുവരാൻ കാരണം റേസിസമാണെന്ന് സാനിയ അയ്യപ്പൻ. തന്റെയൊപ്പം പഠിച്ചിരുന്ന ബ്രിട്ടീഷ് ടീനേജ് കുട്ടികൾ റേസിസ്റ്റുകളായിരുന്നുവെന്നും ലണ്ടനിൽ പഠിക്കുന്നു എന്ന പേര് മാത്രമേയുള്ളൂ അവിടെ മറ്റൊന്നും ആസ്വദിക്കുന്നതിനുള്ള സമയമില്ലെന്നും സാനിയ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാനിയയുടെ പ്രതികരണം.
'പല കുട്ടികളും വളരെ എക്സൈറ്റഡായിട്ടാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ല. എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് തിരിച്ചു വന്നു. അല്ലെങ്കിൽ അവിടെ പോയി പെട്ടു പോകുന്ന അവസ്ഥയാണ്. ലോൺ എല്ലാം എടുത്ത് അങ്ങോട്ട് പോകുന്ന കുട്ടികൾക്ക് അവിടെ എൻജോയ് ചെയ്യാനുള്ള ഒരു സമയം ഉണ്ടാകുന്നില്ല. തുടർച്ചയായി പാർട്ട് ടൈം ജോലികളും അസൈൻമെന്റുകളും അവർക്കുണ്ടാകും. ലണ്ടനിൽ പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ. ബാക്കി എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയ കുട്ടികളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.
ലണ്ടനിലാണ് ഞാൻ പഠിക്കാൻ പോയത്. എന്റെ ഒപ്പം ബാച്ചിൽ ഉണ്ടായിരുന്നത് ടീനേജ് പ്രായത്തിലുള്ള ബ്രിട്ടീഷ് കുട്ടികളായിരുന്നു. അവർ വളരെ റേസിസ്റ്റായിരുന്നു. റേസിസം ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ആളുകൾ ചോദിക്കും. ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജിലുള്ള കുട്ടികളെ നമ്മൾ എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും കഴിയില്ല. തമിഴിൽ എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. ഞാൻ തമിഴ് പോലുമല്ല. ആദ്യത്തെ രണ്ടു മാസം വീട്ടിൽ വിളിച്ചു കരയുമായിരുന്നു ഞാൻ. പോവണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അമ്മ അപ്പോൾ പറയും. ബി എ ആക്ടിങ് ആൻഡ് ഡയറക്‌ഷൻ കോഴ്സാണ് ഞാൻ പഠിച്ചത്. അപ്പോൾ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടിൽ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നത് എന്ന് ഒരു സമയത്ത് തോന്നി,' സാനിയ പറഞ്ഞു.
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ബാലതാരമായെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ള സാനിയ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്. സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി വരാനിരിക്കുന്ന സാനിയയുടെ സിനിമ.
Content Highlights: Sania Ayyappan said that she stopped studying abroad because of racism