2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി. ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കായിരുന്നു. എന്നാൽ തന്നെ ആകർഷിച്ചത് സിനിമ അതുകൊണ്ട് നിർത്താതെ പിന്നീട് നടന്ന സംഭവങ്ങള്‍ കൂടി കാണിച്ചതാണെന്ന് സംവിധായകൻ ആനന്ദ് ഏകര്‍ഷി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. കേരളത്തിന് പുറത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. തമിഴ്‌നാട്ടിലൊക്കെ ചിത്രം വന്‍ ഹിറ്റായിരുന്നു. ക്ലൈമാക്‌സില്‍ വരുന്ന പാട്ടും ആ സീനുമെല്ലാം അവര്‍ക്ക് നല്ല രീതിയില്‍ കണക്ടായതുകൊണ്ടാണ് അത്രയും വലിയ വിജയമായത്. ആ സിനിമയില്‍ സുഭാഷിനെ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന സീനാണ് ഏറ്റവും പീക്കായിട്ടുള്ളത്.
എന്നാല്‍ ആ പോയിന്റില്‍ സിനിമ അവസാനിപ്പിക്കാതെ പിന്നെയും അവര്‍ കഥ മുന്നോട്ട് കൊണ്ടുപോയി. സുഭാഷിന്റെ അമ്മയും കുട്ടനും തമ്മിലുള്ള ആ കോണ്‍ഫ്‌ളിക്ടാണ് പിന്നീട് സിനിമയെ കണക്ട് ചെയ്യിച്ചത്.എന്ത് മനോഹരമായിട്ടാണ് ആ സീന്‍ ചെയ്തു വെച്ചിരിക്കുന്നത്. ആ ക്യാരക്ടര്‍ കുട്ടനെ മനസിലാക്കുന്ന സീന്‍ വല്ലാതെ ടച്ചിങ്ങായി. അതിന്റെ ഇമോഷന്‍ കൃത്യമായി പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. എഴുത്തിന്റെ ശക്തിയാണത്,’ ആനന്ദ് ഏകര്‍ഷി പറഞ്ഞു.
അതേസമയം ചിദംബരത്തിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും മാവെറിക്‌സും ചേർന്നാണ് നിർമിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആവേശത്തിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024നെ തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ. ആർട്ട് ഡയറക്ടർ അജയൻ ചാലിശേരിയാണ്. ഇരുവരും മഞ്ഞുമ്മല്‍ ബോയ്സിന്‍റെ അണിയറ പ്രവര്‍ത്തകർ കൂടിയായിരുന്നു.
Content Highlights: Director Anand Ekarshi talks about the scene that attracted him in Manjummal Boys