വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്. 20 വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുമായി ഒരു പ്രോജക്ട് സംസാരിച്ചെങ്കിലും അന്ന് അതു നടന്നില്ല, പിന്നീട് ഇപ്പോഴാണ് അദ്ദേഹത്തെ വച്ചൊരു സിനിമ ചെയ്യാൻ കഴിഞ്ഞതെന്ന് ഗൗതം വാസുദേവ് മേനോൻ പറയുന്നു. മദൻ ഗൗരിയുമായുള്ള പോഡ്കാസ്റ്റിലാണ് പ്രതികരണം.
'എന്റെ അച്ഛൻ മലയാളിയും 'അമ്മ തമിഴ്നാട്ടുകാരിയുമാണ്. എനിക്ക് അധികം മലയാളം അറിയില്ല. അവധികാലത്ത് കേരളത്തിൽ ഒറ്റപ്പാലത്ത് പോകാറുണ്ട്. വീട്ടിൽ തമിഴ് പടങ്ങളും ഹിന്ദി ചിത്രങ്ങളും ഇംഗ്ലീഷുമാണ് കൂടുതലും കാണാറുള്ളത്. സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 1, ന്യൂഡൽഹി എന്നീ മൂന്ന് മലയാള സിനിമകൾ തമിഴ്‌നാട്ടിൽ നൂറു ദിവസത്തിന് മുകളിൽ ഓടിയിട്ടുണ്ട്. കോളേജിൽ പോയപ്പോൾ മോഹൻലാൽ, മമ്മൂട്ടി ഫാൻസ് ഡിസ്കഷൻ ഉണ്ടായിരുന്നു. കോളേജ് കൂട്ടുകാരിൽ നിന്നാണ് മലയാള സിനിമകളെക്കുറിച്ച് കൂടുതൽ അറിയുന്നത്.
2005 - 2006 കാലഘട്ടത്തിലാണ് മമ്മൂട്ടി സാറിനെ നേരിൽ കാണാൻ അവസരം ലഭിച്ചത്. ഒരു സിനിമയുടെ കഥ ഉണ്ടായിരുന്നു. 'വേട്ടയാട് വിളയാട്' പോലൊരു കഥയുമായി സാമ്യമുള്ള ചിത്രം. പക്ഷെ അന്ന് നടന്നില്ല. ഇപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുകയാണ്. മുൻപൊരിക്കൽ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ സിനിമയെക്കുറിച്ചോ സംവിധാനത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.
മലയാളത്തിലെ ഒരു കഥാകൃത്ത് പറഞ്ഞ കഥ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. രണ്ട് മൂന്ന് നടന്മാർ ആ കഥ ചെയ്യാൻ തയ്യാറായിരുന്നു, പക്ഷെ ഞാൻ പറഞ്ഞു, മമ്മൂട്ടി സാർ അഭിനയിച്ചാൽ നന്നായിരിക്കുമെന്ന്. അവർക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നില്ല ഞാൻ മമ്മൂട്ടി സാറിനെ ബന്ധപ്പെടുകയായിരുന്നു. അടുത്ത ദിവസം തന്നെ എന്നോട് വരാൻ പറയുകയായിരുന്നു. രണ്ട് മണിക്കൂർ സംസാരിച്ചു. ആരാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് ചോദിച്ചു. എന്റെ പ്രൊഡക്ഷൻ വെച്ച് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. വൈകിട്ട് വിളിക്കാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹം വിളിക്കുകയും തിരിച്ചു വരാൻ പറയുകയും ചെയ്തു. കാരണം, നമ്മൾ സിനിമ ചെയ്യുന്നുവെന്നും, പത്തു ദിവസം ഷൂട്ടിംഗ് ചെയ്യാം ഞാൻ തന്നെ സിനിമ പ്രൊഡ്യൂസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ തുടങ്ങുന്നത്. ഇപ്പോഴിതാ, സിനിമ കുറച്ചു ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്,' ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
ജനുവരി 23 ന് സിനിമ തിയേറ്ററിലെത്തും. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളില്‍ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് സിനിമ എത്തുന്നത്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
Content Highlights: Goutham menon said Earlier he approached Mammootty for a film but it didn't happen