വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. ചില സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് മുടങ്ങിയ ചിത്രം 12 വർഷങ്ങൾക്ക് ശേഷം റിലീസിനെത്തിയപ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വിജയത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഖുശ്ബു സുന്ദർ.
രാത്രി 12 മണിക്കുള്ള ഷോയ്ക്ക് ചെന്നൈയിലെ കമല തിയേറ്ററിന് മുന്നിലെ തിരക്ക് കാണിച്ചുകൊണ്ടാണ് നടി സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. 'ഇതാണ് സിനിമയുടെ യഥാർത്ഥ മുഖം, ഇതാണ് സിനിമയുടെ മാജിക്. എല്ലാവർക്കും നന്ദി,' എന്ന് ഖുശ്ബു കുറിച്ചു.
Kamala Theatre Current midnight show 12:00 Clock Crowd. This is the real face of cinema and magic of cinema. Overwhelmed!!
— KhushbuSundar (@khushsundar) January 14, 2025
Thank you soooooooooo much. #MadhaGajaRaja#SundarC - King of Entertainment @VffVishal @iamsanthanam @varusarath5 @yoursanjali @vijayantony musical… pic.twitter.com/Xzx7tWRsNO
അതേസമയം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. മദ ഗജ രാജ രണ്ടു ദിവസം കൊണ്ട് തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്നായി ആറ് കോടിയിലധികം രൂപ നേടി കഴിഞ്ഞു. 12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്.
12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ.
അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.
Content Highlights: Khusbhu Sundar overwhelmed on the success of Madha Gaja Raja