രജിനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയതാകും ചിത്രം തിയേറ്ററുകളിലെത്തുക.
തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് 1995 ജനുവരി 12ന് പുറത്തിറങ്ങിയ ബാഷ. രജനികാന്തും നഗ്മയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയേറ്ററിലെ വലിയ വിജയമായിരുന്നു. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.
രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്.
രജനികാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയ്യൻ ആണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയ സിനിമയിൽ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായിരുന്നു. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്.
Content Highlights: Rajinikanth movie Baasha to re release