എ ആർ റഹ്മാന്റെ പാട്ടുകളിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗാനം കാതലനിലെ ‘കാതലിക്കും പെണ്ണിന്‍ കൈകള്‍’ എന്ന പാട്ടാണെന്ന് നിത്യ മേനൻ. ഇപ്പോള്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ അത്തരം പാട്ടുകള്‍ വരാറില്ലെന്നും താൻ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ഇത്തരം ഒരു പാട്ട് ആ സിനിമയിൽ ഉണ്ടാകുമെന്നും നടി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘റഹ്‌മാന്‍ സാറിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണ്. ടോപ്പ് ഫേവറെറ്റ് എന്ന് എടുത്തുപറയാന്‍ ഒരെണ്ണം കിട്ടില്ല. എന്നിരുന്നാലും കാതലനിലെ ‘കാതലിക്കും പെണ്ണിന്‍ കൈകള്‍’ എന്ന പാട്ട് വളരെ ഇഷ്ടമാണ്. കുട്ടിക്കാലത്ത് വോക്ക്മാനില്‍ ആ പാട്ട് പലപ്പോഴും കേള്‍ക്കാറുണ്ടായിരുന്നു. ഇപ്പോഴും സമയം കിട്ടുമ്പോള്‍ ആ പാട്ട് കേള്‍ക്കും. ഇപ്പോള്‍ റിലീസാകുന്ന സിനിമകളില്‍ അത്തരം പാട്ടുകള്‍ വരാറില്ല.
സ്വല്പം കോമിക് ടച്ചുള്ള മേക്കിങ്ങും റൊമാന്റിക്കായിട്ടുള്ള വരികളുമാണ് ആ പാട്ടിന്റേത്. ഇപ്പോള്‍ അതുപോലുള്ള പാട്ടുകള്‍ വരാത്തത് കുറച്ച് സങ്കടം തരുന്ന കാര്യമാണ്. എന്നെങ്കിലും ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അതുപോലെ ഒരു പാട്ട് പടത്തില്‍ ചേര്‍ക്കണമെന്നുണ്ട്. മേക്കിങ്ങിന്റെ കാര്യത്തിലും സെറ്റിന്റെ കാര്യത്തിലും ആ പാട്ട് റഫറന്‍സായി എടുക്കാനാണ് നോക്കുന്നത്,’ നിത്യ മേനന്‍ പറഞ്ഞു.
അതേസമയം, കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈയാണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. മൂന്നാം തവണയാണ് നിത്യയുടെ ചിത്രത്തില്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച നിത്യ മേനന്‍ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Nitya Menon talks about her favorite song in AR Rahman songs