മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ വിജി വെങ്കടേഷ് ഡൊമിനിക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധുരി എന്നാണ് ചിത്രത്തിലെ വിജിയുടെ കഥാപാത്രത്തിന്റെ പേര്. മാധുരിയുടെ ക്യാരക്ടർ പോസ്റ്റർ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 'ബീഫ് കറി ഗുഡ്' , 'പ്രായം 70 ഫാഷന്‍ 35' എന്നിങ്ങനെയുള്ള ഡൊമിനിക്കിന്‍റെ ചില രസികന്‍ കുറിപ്പടികളും പോസ്റ്ററിലുണ്ട്. ചിത്രത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്ന പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് മാധുരി എന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
രാപ്പകൽ എന്ന സിനിമയിലെ പാട്ടിലെ വരികളിലായ ''അമ്മ മനസ് തങ്ക മനസ്' എന്ന് ഫോട്ടോയ്ക്ക് താഴെ എഴുതിവെച്ചിട്ടുണ്ട്. നേരത്തെ രാപ്പകൽ എന്ന മമ്മൂട്ടി സിനിമയെ ചുറ്റിപ്പറ്റിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയില്‍ ട്രെൻഡിങ്ങായിരുന്നു. അതേ കുറിച്ചുള്ള കമന്‍റുകളും പോസ്റ്ററിന് കീഴെ വരുന്നുണ്ട്. ട്രോളുകളെ പോസ്റ്ററാക്കിയ ഐഡിയ ബ്രില്യന്‍റായിട്ടുണ്ടെന്ന് പറയുന്നവരും ഏറെയാണ്. ചിത്രത്തിന്‍റെ മുന്‍പ് വന്ന പോസ്റ്ററുകളും ഇത്തരത്തില്‍ ചിരി പടര്‍ത്തുന്നതായിരുന്നു.
വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.
Content Highlights: Dominic and the ladies Purse new character poster out now