സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കൽ റിലീസായി എല്ലാ വർഷവും എത്തുന്നത്. മിക്ക സിനിമകളും ബോക്സ് ഓഫീസിൽ വലിയ വിജയവും നേടാറുണ്ട്. നാല് പ്രധാനപ്പെട്ട സിനിമകളായിരുന്നു ഇത്തവണ പൊങ്കൽ റിലീസായി തമിഴ്നാട് തിയേറ്ററിൽ എത്തിയത്. വിശാൽ നായകനായ മദ ഗജ രാജ, അരുൺ വിജയ് - ബാല കൂട്ടുകെട്ടിലൊരുങ്ങിയ വണങ്കാൻ, രവി മോഹൻ നായകനായി എത്തിയ കാതലിക്ക നേരമില്ലൈ, ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചറിന്റെ തമിഴ് പതിപ്പ് എന്നിവയാണ് ആ സിനിമകൾ. ഇപ്പോഴിതാ ഈ സിനിമകളുടെ പൊങ്കൽ ദിനമായ ഇന്നലത്തെ കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
വിശാൽ നായകനായ മദ ഗജ രാജ ആണ് കളക്ഷൻ ഒന്നാം സ്ഥാനത്ത്. ജനുവരി 12ന് റിലീസ് ചെയ്ത ചിത്രം 6.65 കോടിയാണ് ഇന്നലെ മാത്രം നേടിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. 12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ. ആദ്യ ദിനം മൂന്ന് കോടിയാണ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത്.
TN box-office generated close to 12 crores on Pongal Day at box-office.
— LetsCinema (@letscinema) January 15, 2025
MGR - 6.65 crores
Kadhalikka Neramillai - 2.36 crores
Vanangaan - 1.15 crores
Game Changer - 90L
Sankranti Vasuthnam - 38L
Daaku Maharaj - 20L
രവി മോഹനെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ കാതലിക്ക നേരമില്ലൈയും ആദ്യ ദിനമായ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. 2.36 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. നിരവധി പരാജയ സിനിമകൾക്ക് ശേഷം രവി മോഹന്റെ തിരിച്ചുവരവ് കൂടിയാണ് കാതലിക്ക നേരമില്ലൈ. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ബാലയുടെ സംവിധാനത്തിൽ അരുൺ വിജയ് നായകനായി എത്തിയ ആക്ഷൻ ഡ്രാമ ചിത്രമായ വണങ്കാന് ബോക്സ് ഓഫീസിൽ കാര്യമായ ചലമുണ്ടാക്കാനായിട്ടില്ല. ജനുവരി 10ന് റിലീസ് ചെയ്ത ചിത്രത്തിന് 1.15 കോടിയാണ് ഇന്നലെ പൊങ്കൽ ദിനത്തിൽ നേടാനായത്. അരുൺ വിജയ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്നാണ് റിവ്യൂസ്. 8.5 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ മൊത്തം കളക്ഷൻ.
അതേസമയം ഷങ്കർ സംവിധാനം ചെയ്‌തു രാം ചരൺ നായകനായി ജനുവരി 10ന് തിയേറ്ററുകളില്‍
എത്തിയ ഗെയിം ചേഞ്ചറിന് ആദ്യ ദിനം മുതൽ തമിഴ്നാട്ടിൽ അടിപതറി. 90 ലക്ഷം മാത്രമാണ് സിനിമക്ക് പൊങ്കല്‍ ദിനത്തില്‍ നേടാനായത്. 112.84 കോടിയാണ് സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ആദ്യ ദിനം മുതൽ കളക്ഷനിൽ പിന്നോട്ട് പോയിരുന്നു. വരും ദിവസങ്ങളിലും മദ ഗദ രാജയും കാതലിക്ക നേരമില്ലെയും തമിഴ്നാട്ടില്‍ കളക്ഷനില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍.
Content Highlights: Madha gaja Raja, Kadhalikka Neramillai collection reports