ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണം നേടി പ്രാവിൻകൂട് ഷാപ്പ്. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മികച്ച മേക്കിങ്ങിലൂടെയും കഥപറച്ചിലിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നാണ് ആദ്യ പ്രതികരണങ്ങൾ. വീണ്ടുമൊരു ഹിറ്റ് സിനിമയുമായി ബേസിൽ ജോസഫ് തിയേറ്ററിൽ എത്തിയിരിക്കുകയാണ് എന്നും അഭിപ്രായങ്ങളുണ്ട്.
പ്രേമലുവിന് ശേഷം വിഷ്ണു വിജയ് വീണ്ടും മ്യൂസിക് കൊണ്ടും ഞെട്ടിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ എഡിറ്റിംഗ് നന്നായിട്ടുണ്ടെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ചാന്ദിനി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമയുടെ ട്വിസ്റ്റുകൾ വർക്ക് ആയെന്നും ചിത്രം കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി ഒരുപടി മുന്നിൽ നിൽക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. 2025 ഒരു ഹിറ്റിലൂടെ ബേസിൽ ജോസഫ് ആരംഭിച്ചിരിക്കുകയാണ് എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് എന്‍റർടൈയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടൈയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlights: Pravinkoodu Shappu receives good response after first show