പടമൊക്കെ ഇറങ്ങാന്‍ പോകുന്നേയുള്ളു, പക്ഷെ പുതുവര്‍ഷം മൊത്തം മമ്മൂട്ടി മയമാണ് സാറേ….

2025ലെ ആദ്യ മമ്മൂട്ടിച്ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മറ്റ് പല ചിത്രങ്ങളിലുമുള്ള 'മമ്മൂട്ടി സാന്നിധ്യമാണ്' സോഷ്യല്‍‌ മീഡിയയില്‍ ചര്‍ച്ചയാകുന്നത്

dot image

2025ലെ ആദ്യ മമ്മൂട്ടിച്ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രം സ്‌ക്രീനിലെത്താന്‍ ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും 2024ന്റെ അവസാനവും 2025ന്റെ തുടക്കവുമെല്ലാം മമ്മൂട്ടി മയമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റുകള്‍.

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിന്റെ ട്രെയ്‌ലറില്‍ മൃഗയ സിനിമയും അതിലെ വാറുണ്ണി എന്ന കഥാപാത്രത്തിനായി മമ്മൂട്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. സിനിമയിലും ഈ പരാമര്‍ശം ഏറെ പ്രാധാന്യത്തോടെയാണ് കടന്നുവന്നത്. ഡിസംബര്‍ 19ന് റൈഫിള്‍ ക്ലബ് തിയേറ്ററുകളിലെത്തിയ ശേഷം മമ്മൂട്ടിയും അദ്ദേഹത്തിന്റെ സിനിമകളും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

Rifle Club

പിന്നീട് 2025ലെ ആദ്യ വിജയച്ചിത്രമായ ആസിഫ് അലിയുടെ രേഖാചിത്രത്തിലൂടെയായിരുന്നു 'മമ്മൂട്ടി ചേട്ടന്റെ' വരവ്. മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനും, മമ്മൂട്ടി ആരാധികയായ രേഖ എന്ന കഥാപാത്രവും, ദേവദൂതര്‍ പാട്ടും തുടങ്ങി എഐ രൂപവും ശബ്ദവുമെല്ലാമായി ചിത്രത്തില്‍ മമ്മൂട്ടി നിറഞ്ഞു നിന്നു. ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ സിനിമയില്‍ ഉടനീളം മമ്മൂട്ടി സാന്നിധ്യമുണ്ടായി. സിനിമയുടെ ആഘോഷച്ചടങ്ങുകളിലും മമ്മൂട്ടിയും ഭാഗമായിരുന്നു.

ഇതിനിടയില്‍ മിസ്റ്റര്‍ ബംഗാളി എന്ന പേരില്‍ ഒരു ചിത്രവും എത്തിയിരുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. വി സുരേഷ് തമ്പാനൂര്‍ ആയിരുന്നു ഈ സിനിമയിലെ നായകന്‍.

Mr Bengali Movie

ജനുവരി 17ന് മമ്മൂട്ടി ശരിക്കും സ്‌ക്രീനിലെത്തുന്നുണ്ട്. പക്ഷെ അതൊരു റീറിലീസ് ആണെന്ന് മാത്രം. ഇന്‍സ്‌പെക്ടര്‍ ബല്‍റാമായെത്തി മലയാളത്തിലെ അക്കാലത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ആവനാഴിയുടെ റീറിലീസാണിത്. ഐ വി ശശി സംവിധാനം ചെയ്ത ചിത്രം പുത്തന്‍ സാങ്കേതികമികവോടെയാണ് തിയേറ്ററുകളിലെത്തുന്നത്.

Aavanazhi
Dominic and the Ladies Purse

ഈ മമ്മൂട്ടി ഷോയില്‍ ഒരു ഗംഭീര ഷോ സ്‌റ്റോപ്പറായിരിക്കും ജനുവരി 23ന് എത്തുന്ന ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സ് എന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രം വ്യത്യസ്തമായ രസികന്‍ അനുഭവം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Mammootty's presence in other actors' films are getting widely discussed

dot image
To advertise here,contact us
dot image