ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ദേവ. ഒരു പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷനും സസ്‌പെൻസും ചെയ്സും ഒക്കെ കൂടിക്കലർന്ന ഒരു ചിത്രമാകും ദേവ എന്ന സൂചനയാണ് ട്രെയ്ലര്‍ നൽകുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണിത്. ദേവ മലയാള സിനിമയായ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദേവയുടെ ലോകത്തേക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവെച്ചത്. ചിത്രം ജനുവരി 31 ന് തിയേറ്ററിലെത്തും. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
പൂജ ഹെഗ്‌ഡെ, പവിൽ ഗുലാട്ടി, പ്രവേഷ് റാണ, കുബ്ബാറ സൈറ്റ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജേക്സ് ബിജോയ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് വിശാൽ മിശ്രയാണ്. സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സീ സിനിമയും സ്വന്തമാക്കി. നോട്ടുബുക്ക്, കാസനോവ, മുംബൈ പൊലീസ്, ഹൗ ഓൾഡ് ഏറെ യു, സ്കൂൾ ബസ്, കായംകുളം കൊച്ചുണ്ണി, സല്യൂട്ട് എന്നീ സിനിമകൾക്ക് ശേഷം ബോബി സഞ്ജയ് - റോഷൻ ആൻഡ്രൂസ് കോംബോ വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദേവ.
Content Highlights: Shahid Kapoor movie Deva trailer out