മദ്യപാന ശീലത്തെക്കുറിച്ച് സംവിധായകൻ മിഷ്കിൻ നടത്തിയ പരാമർശം വിവാദമാകുന്നു. ഗുരു സോമസുന്ദരം നായകനായ ബോട്ടിൽ രാധ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെ സംവിധായകൻ നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ മദ്യപാനികളിൽ ഒരാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജീവിതത്തിൽ മദ്യത്തേക്കാൾ വലിയ ലഹരിയുണ്ട്. അകിര കുറസോവയുടെ സിനിമകളും ഇളയരാജയുടെ സംഗീതവും തനിക്ക് ലഹരിയാണ്. മനുഷ്യർ അധികമായി കുടിക്കുന്നതിന് കാരണം ഇളയരാജയാണ് എന്നും മിഷ്കിൻ തമാശ രൂപേണ പറഞ്ഞു.
'മദ്യപിക്കുക എന്നത് ഒരു അവസ്ഥയാണ്. അഗാധമായ സങ്കടമുള്ളവർ പലപ്പോഴും ആസക്തിക്ക് കീഴടങ്ങുന്നു. ഞാൻ ഒരു കടുത്ത മദ്യപാനിയാണ്. എന്നിരുന്നാലും, എനിക്ക് ജീവിതത്തിൽ വിശ്വാസമുണ്ട്. എനിക്ക് മദ്യത്തേക്കാൾ വലിയ ലഹരിയുണ്ട്, സിനിമ. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലഹരിയാണ് സംവിധായകൻ അകിര കുറസോവ. അതിലും വലിയ ലഹരിയുണ്ട്, ഇളയരാജ. ഞാൻ കുടിക്കുമ്പോൾ അതാണ് എനിക്ക് സൈഡ് ഡിഷ്. മനുഷ്യർ അധികമായി കുടിക്കുന്നതിന് ഉത്തരവാദി അദ്ദേഹമാണെന്ന് പറയാൻ കഴിയും,' എന്നായിരുന്നു മിഷ്‌കിന്റെ വാക്കുകൾ.
Mysskin அசத்தல் பேச்சு - பாட்டில் ராதா audio launch
— Redpix (@redpixnews) January 19, 2025
Full video link :-https://t.co/aQKNmjvt0M#Mysskin | #ranjith | #BottleRadhaTrailerLaunch | #ameer pic.twitter.com/5rNh4sAMDd
മിഷ്‌കിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു പൊതുവേദിയിൽ പാലിക്കേണ്ട മര്യാദ സംവിധായകൻ പാലിച്ചില്ലെന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ തമാശ രൂപേണയാണ് സംവിധായകന്റെ പ്രസ്താവന എന്നും മറുവാദമുണ്ട്. പാ രഞ്ജിത്ത്, വെട്രിമാരൻ, അമീർ, ലിങ്കുസാമി തുടങ്ങിയവരും വേദിയിൽ ഇരിക്കവെയാണ് മിഷ്‌കിന്റെ പരാമർശം.
Content Highlights: Mysskin's Controversial Statement on Ilaiyaraaja