എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ടീസർ ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകുന്ന ഒരു അപ്ഡേറ്റാണ് വന്നിരിക്കുന്നത്.
സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസർ അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈർഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതിൽ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.
_'L'oading 🦉⏳_#Empuraan #L2E #Mohanlal #PrithvirajSukumaran pic.twitter.com/tVWvUXFp7A
— AB George (@AbGeorge_) January 19, 2025
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj shares the update of Empuraan teaser