
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ 2. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ നിന്നും 1800 കോടിക്കും മുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ സിനിമ നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന നേട്ടമാണ് ഇതോടെ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ജനുവരി 17 മുതൽ ചിത്രം തിയേറ്ററിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഈ റീലോഡഡ് വേർഷന് ലഭിക്കുന്നത്. ഇപ്പോൾ ടിക്കറ്റ് വില്പനയിൽ ഷങ്കർ ചിത്രം ഗെയിം ചേഞ്ചറിനെ മറികടന്നിരിക്കുകയാണ് പുഷ്പ 2.
123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഗെയിം ചേഞ്ചര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 25,600 ല്‍ അധികമാണ്. ഇതേ സമയം കൊണ്ട് 26,900 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റ് പുഷ്പ 2 ഗെയിം ചേഞ്ചറിനെയും മറികടന്നിരിക്കുകയാണ്. അവസാന മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ പുഷ്പ 2 2500 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ഗെയിം ചേഞ്ചര്‍ വിറ്റിരിക്കുന്നത് 1900 ടിക്കറ്റുകളാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ശനിയാഴ്ച പുഷ്പ 2 നേടിയിരിക്കുന്നത് 1.10 കോടിയാണ്. ഞായറാഴ്ചത്തെ കണക്കില്‍ വര്‍ധനവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അതേസമയം രാം ചരൺ ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചറിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 122.98 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. മോശം പ്രതികരണങ്ങൾ നേടിയ ചിത്രത്തിന് ഒരു ഘട്ടത്തിൽ പോലും മുന്നിട്ട് നിൽക്കാൻ സാധിച്ചിരുന്നില്ല. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തീർത്തും നിരാശാജനകമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന സംവിധായകൻ ഷങ്കറിന്റെ വാക്കുകൾ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. 'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' എന്നായിരുന്നു ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഷങ്കറിന്റെ പ്രതികരണം.
Content Highlights: Pushpa 2 reloaded version beats ramcharan film Game Changer