ഒരുപാട് ഷോ ഓഫ്, മാസ് ഒന്നുമില്ലാതെ വളരെ സിംപിൾ ആയി സഞ്ചരിക്കുന്ന സിനിമയാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്' എന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. പഴയകാല ഇൻവെസ്റ്റിഗേഷൻ സിനിമകളെ ഓർമിപ്പിക്കും വിധമുള്ള സിനിമയാകും ഇത്. ഈ സിനിമ വിജയിക്കുകയാണെങ്കിൽ ഡൊമിനിക് എന്ന മമ്മൂട്ടി കഥാപാത്രത്തെ വെച്ച് ഒരു ഫ്രാഞ്ചൈസ് പോലെ ചെയ്യാനാകും. ഇത് താൻ മമ്മൂട്ടി സാറിനോട് പറഞ്ഞപ്പോൾ ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരമെന്ന് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞു.
'ഇപ്പോൾ മമ്മൂട്ടി സാർ എങ്ങനെയുള്ള സിനിമകളാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ എക്സ്പിരിമെന്റൽ സിനിമകളാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ് ഈ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരുപാട് ഷോ ഓഫ്, മാസ് ഒന്നുമില്ലാതെ വളരെ സ്ട്രെയിറ്റ് ഫോർവേഡ് ആയി എടുത്ത സിനിമയാണ്. അങ്ങനെ ആ കഥയെ എടുക്കണമെന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ ആഗ്രഹവും. മമ്മൂട്ടി സാറിനോടൊപ്പമുള്ള എക്സ്പീരിയൻസ് ഞാൻ നന്നായി ആസ്വദിച്ചു. വേട്ടയാട് വിളയാടിൽ കമൽ സാറിനോടൊപ്പം വർക്ക് ചെയ്തപ്പോൾ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് നമ്മളും എന്തെങ്കിലും പഠിക്കണം എന്നൊരു വൃഗ്രത ഉണ്ടായിരുന്നു. അതിനേക്കാൾ വലിയൊരു അനുഭവമായിരുന്നു മമ്മൂട്ടി സാറിനോടൊപ്പം', ഗൗതം മേനോൻ പറഞ്ഞു.
ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Content Highlights: Dominic and the ladies purse is a simple film says GVM