പ്രാവിൻകൂട് ഷാപ്പ് എന്ന സിനിമയിലെ സൗബിൻ ഷാഹിറിന്റെ കഥാപാത്രം ശ്രദ്ധ നേടുന്നു. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ ഷാഹിർ അവതരിപ്പിച്ചത്. ഓരോ നിമിഷവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സൗബിൻ നടത്തിയിരിക്കുന്നത്. കണ്ണനായി അയാള്‍ ജീവിക്കുകയായിരുന്നു. ഓരോ നോക്കിലും നടപ്പിലും വാക്കിലും നോക്കിലുമൊക്കെ അയാള്‍ കണ്ണനാണ്. കണ്ണൻ എന്ന കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
മിറാൻഡ എന്ന കഥാപാത്രമായി എത്തിയിരിക്കുന്ന ചാന്ദ്നിയോടൊപ്പവും സൗബിന് മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ഇരുവരുടേയും കെമിസ്ട്രി ഏറെ മികച്ച രീതിയിൽ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
'അന്നയും റസൂലും' മുതൽ ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചയിൽ വിസ്മയിച്ചിട്ടുള്ളയാളാണ് സഹ സംവിധായകനായി സിനിമാലോകത്ത് എത്തിയ സൗബിൻ. 'സുഡാനി ഫ്രം നൈജീരിയ'യിലെ മജീദ്, 'കുമ്പളങ്ങി നൈറ്റ്സി'ലെ സജി നെപ്പോളിയന്‍, 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ സുബ്രഹ്മണ്യൻ, 'ഭീഷ്മപർവ്വ'ത്തിലെ അജാസ്, 'ഇലവീഴാപൂഞ്ചിറ'യിലെ മധു, 'രോമാഞ്ച'ത്തിലെ ജിബിൻ, 'മഞ്ഞുമ്മൽ ബോയ്‍സി'ലെ കുട്ടൻ തുടങ്ങി സൗബിൻ അനശ്വരമാക്കിമാറ്റിയ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അക്കൂട്ടത്തിലേക്കാണ് 'പ്രാവിന്‍കൂട് ഷാപ്പി'ലെ കണ്ണനും ചേക്കേറുന്നത്. സാധാരണക്കാരായ കഥാപാത്രങ്ങളെ അസാധാരണ മികവോടെ പകര്‍ന്നാടുന്ന സൗബിന്‍റെ കരിയറിലെ മികവുറ്റ വേഷങ്ങളിൽ എക്കാലവും പ്രേക്ഷകർ കണ്ണനേയും ചേർത്തുവയ്ക്കും എന്നുറപ്പാണ്.
സൗബിനും ബേസിലും ചെമ്പൻ വിനോദ് ജോസും ചാന്ദ്‍നിയും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉൾപ്പെട്ട ചിത്രം ഡാർക്ക് ഹ്യൂമറിൻ്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹൗസ്‍ഫുൾ ഷോകളുമായാണ് തിയേറ്ററുകളിൽ മുന്നേറുന്നത്.
Content Highlights: Soubin Shahir's perfomance in Praavinkoodu Shaapu praised