2024ലെ വലിയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒൻപതിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥക്കും ആസിഫ് അലിയുടെ പ്രകടനത്തിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ഈ ആസിഫ് അലി സിനിമക്ക് ലഭിക്കുന്നത്.
റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം 40 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 23.00 കോടിയാണ്. അതേസമയം, സിനിമയുടെ ഓവർസീസ് കളക്ഷൻ 16.50 കോടിയോളമാണ്. മികച്ച പ്രതികരണങ്ങളാണ് രേഖാചിത്രത്തിന് ഓവർസീസ് മാർക്കറ്റിൽ നിന്നും ലഭിക്കുന്നത്. ഈ കളക്ഷൻ സിനിമക്ക് തുടരാനായാൽ കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി സിനിമയാകും രേഖാചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, കീർത്തി സുരേഷ് എന്നിവർ ചിത്രത്തെ പുകഴ്ത്തി പോസ്റ്റുമായി എത്തിയിരുന്നു. 'എന്തൊരു ഗംഭീര ചിത്രമാണിത്. ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക. ഇത് ഒരു ത്രില്ലറാണ്, മിസ്റ്ററിയുണ്ട്, മലയാളം സിനിഫൈലുകൾക്ക് ടൺ കണക്കിന് നൊസ്റ്റാൾജിയയുണ്ട്, അതിനൊപ്പം എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്,' എന്നാണ് ദുൽഖർ സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആസിഫ് അലിയുടെ അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു. കഥാപാത്രത്തിന്റെ നിരാശയും വേദനയും ഇരയ്ക്ക് നീതി കിട്ടുന്നതിനായുള്ള ശ്രമവുമെല്ലാം പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കും വിധം ആസിഫ് അഭിനയിച്ചിട്ടുണ്ട് എന്ന് ദുൽഖർ പറഞ്ഞു.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
Content Highlights: Asif Ali film Rekhachithram collects good numbers at box office