കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി.1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പഞ്ചാബില്‍ റിലീസ് ദിവസം ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നില്ല. ലണ്ടനില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്ററിലേക്ക് ഖലിസ്താന്‍ അനുകൂല സംഘടനകള്‍ അതിക്രമിച്ചു കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത് . ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.
'പഞ്ചാബില്‍ എന്റെ ചിത്രങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യാറുണ്ടെന്ന് ഇന്‍ഡസ്ട്രയില്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇന്ന് എന്റെ ചിത്രം അവിടെ റിലീസ് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. കാനഡയിലും ബ്രിട്ടനിലും ചിത്രത്തിനെതിരെ ആക്രമണങ്ങളുണ്ടായി. ചിലര്‍, വളരെക്കുറച്ചുപേരാണ് അവിടെ തീക്കൊളുത്തിയത്. ഞാനും നിങ്ങളും ആ തീയില്‍ എരിയുകയാണ്. എന്റെ ആശയങ്ങളും രാജ്യത്തോടുള്ള കൂറുമാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. അത് നമ്മളെ ഒരുമിപ്പിക്കുകയാണോ വിഭജിക്കുകയാണോ ചെയ്യുക എന്ന് നിങ്ങള്‍ ചിത്രം കണ്ടശേഷം തീരുമാനിക്കണം', കങ്കണ പറഞ്ഞു.
https://www.instagram.com/reel/DFCZdbdSZq4/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==അതേസമയം, ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇപ്പോൾ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 'യുഎ' സർട്ടിഫിക്കേഷന്‍ ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.
Content Highlights: Kangana says that it is not possible to release the film Emergency in Punjab