നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൂരിയുടെയും നിവിൻ പോളിയുടെയും ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. നിമിഷ നേരം കൊണ്ട് തന്നെ ട്രെയ്ലർ ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്.
തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'മാനാട്'ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന സിനിമ 2021 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ അഞ്ജലിയാണ് നായിക.
സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൻ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രകാന്ത് സോനവാനെ വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിർവഹിച്ചത്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡിയാണ്.
Content Highlights: Yezhu Kadal Yezhu Malai nivin pauly movie trailer out now