പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച റിഷബ് ഷെട്ടിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യൻ സിനിമാ ലോകം ഒന്നാകെ കാത്തിരിക്കുകയാണ്. 2025 ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് കാന്താര ചാപ്റ്റര്‍ 1- ന്റെ ചിത്രീകരണം നടക്കുന്നത്. ഇവിടുത്തെ കാട് സിനിമാപ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോൾ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിക്കുന്നത്.
സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി നാട്ടുകാരില്‍ ചിലര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളോ റിഷഭ് ഷെട്ടിയോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 2022 സെപ്റ്റംബര് 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.
Content Highlight : Complaint against Kantara Chapter 1 filming