ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് നായകനാകുമെന്ന് റിപ്പോർട്ട്. വെങ്കി അറ്റ്ലൂരി ധനുഷിനോട് ഒരു കഥ പറഞ്ഞതായും അത് നടന് ഇഷ്ടമായതായും റിപ്പോർട്ടുകളുണ്ട്. ഹോണസ്റ്റ് രാജ് എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ വെങ്കിയിൽ നിന്നോ ധനുഷിന് നിന്നോ പ്രതികരണം ഒന്നും വന്നിട്ടില്ല.
മുമ്പ് വാത്തി എന്ന ചിത്രത്തിനായി ധനുഷും വെങ്കി അറ്റ്ലൂരിയും ഒന്നിച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയ ചിത്രം 150 കോടിയിലധികം രൂപ നേടിയിരുന്നു. മലയാളി താരം സംയുക്ത മേനോനായിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സമുദ്രക്കനി, സായ് കുമാര്‍, തനികെല്ല ഭരണി, തോട്ടപ്പള്ളി മധു, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.
അതേ സമയം നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം, ഇഡ്‌ലി കടൈ എന്നിങ്ങനെ രണ്ടു സിനിമകൾ ധനുഷിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതില്‍ നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം. 2025 ഏപ്രില്‍ പത്തിനാണ് ഇഡ്‌ലി കടൈ തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Dhanush to collaborate with Lucky Baskhar director Venky Atluri for his next film