ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ദേവ. പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
സിനിമയുടെ സസ്പെൻസ് നിലനിർത്താനായി ദേവയുടെ അണിയറപ്രവർത്തകർ മൂന്ന് വ്യത്യസ്ത ക്ലൈമാക്സുകൾ ഷൂട്ട് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസ്, നായകൻ ഷാഹിദ് കപൂർ തുടങ്ങി വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഏതാണ് യഥാർത്ഥ ക്ലൈമാക്സ് എന്താണെന്ന് അറിയൂ എന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ക്ലൈമാക്സിൽ ഏത് വേർഷനാണ് തിയേറ്ററിൽ എത്തുക എന്നതും അണിയറപ്രവർത്തകർക്കിടയിൽ സസ്പെൻസ് ആയി തുടരുകയാണ്. നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും അതാണ് താൻ ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണമെന്നും ഷാഹിദ് കപൂർ മനസുതുറന്നിരുന്നു. ചിലപ്പോൾ സിനിമയെ മുഴുവനായി മനസിലാക്കാനായി രണ്ടാമതൊരു വട്ടം കൂടി പ്രേക്ഷകർ ഈ സിനിമ കാണും. വളരെ എന്റർടൈനിംഗ് ആയ സിനിമയാണ് ദേവയെന്നും നടൻ പറഞ്ഞു.
ദേവ റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാളച്ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ കാണുമ്പോൾ അത് ഏറെക്കുറെ സത്യമാണെന്ന് വ്യക്തമാകുന്നുവെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. ചിത്രം ജനുവരി 31 ന് തിയേറ്ററിലെത്തും. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
Content Highlight: Shahid Kapoor film Deva makers shot three climaxes