ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ ടൈറ്റിൽ സംബന്ധിച്ച് വലിയ ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വന്നിരിക്കുന്നത്.
'നാളൈയ തീര്‍പ്പു' എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ആദ്യമായി നായകനായ ചിത്രമാണ് നാളൈയ തീര്‍പ്പ്. അതേ പേര് തന്നെ അവസാന ചിത്രത്തിനും നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഫസ്റ്റ് ലുക്കിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റിലും അണിയറപ്രവർത്തകർ പുറത്തുവിടും. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ദളപതി വിജയ് അഞ്ച് തവണ ഭഗവന്ത് കേസരി കണ്ടെന്നും ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനായി സിനിമയുടെ സംവിധായകൻ അനിൽ രവിപുടിയെ സമീപിച്ചെന്നുമുള്ള നടൻ വി ടി വി ഗണേഷിന്റെ വാക്കുകൾ ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റീമേക്ക് ആണെന്ന് ആരാധകർ ഉറപ്പിച്ചത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതിനെക്കുറിച്ച് ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്. അതേസമയം ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്.
Content Highlights: Vijay’s final movie Thalapathy 69 to have the same title as his first movie