ആഷിഖ് അബു അണിയിച്ചൊരുക്കിയ റൈഫിള്‍ ക്ലബ്ബ് തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ജനുവരി 16ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സില്‍ റിലീസ് ചെയ്തത് മുതല്‍ വിദേശ രാജ്യങ്ങളിലടക്കം ചിത്രം ടോപ് ടെന്‍ ലിസ്റ്റില്‍ തുടരുകയാണ്. ഒടിടി റിലീസായതോടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരിക്കുകയാണ് ചിത്രം.
കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോള്‍. നെറ്റ്ഫ്ളിക്‌സ് ടോപ് 10 ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്ന രണ്ട് ഇംഗ്ലീഷ് ഇതര സിനിമകളില്‍ ഒന്നായി മാറിയിരിക്കുകയാണ് റൈഫിള്‍ ക്ലബ്ബ്. നെറ്റ്ഫ്ളിക്‌സ് ഇന്ത്യ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഈയാഴ്ച കണ്ട സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം.
സ്ട്രീമിംഗ് തുടങ്ങി 3 ദിനം കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരെ നേടിയ ചിത്രം 1.9 മില്യണ്‍ വാച്ച് അവറും സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാക്ക് വാറന്റ് സീരീസാണ് നെറ്റ്ഫ്‌ലിക്‌സ് ടോപ് 10 ലിസ്റ്റില്‍ റൈഫിള്‍ ക്ലബ്ബിനൊപ്പം ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രന്‍ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്റിക് ഹീറോ ഷാജഹാന്‍ എത്തുന്നതും തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആഷിഖ് അബു ആദ്യമായി ഛായാഗ്രാഹകന്‍ കൂടിയായ ചിത്രം ഫിലിം മേക്കിങ്ങില്‍ ഏറെ മികച്ചു നില്‍ക്കുന്നുണ്ട്. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് അബു റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം അഭിനേതാക്കളുടെ മികവാര്‍ന്ന പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്ലസ്. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദര്‍ശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കള്‍.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍, കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായൊരു സ്‌പേസ് നല്‍കികൊണ്ടാണ് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട് തിരക്കഥയൊരുക്കിയിരിക്കുന്നത്. റെക്‌സ് വിജയന്റെ മ്യൂസിക്കും വി സാജന്റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്.
ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Rifle Club gets record views in Netflix