സൂര്യയ്ക്ക് ഇനിയും സിനിമകളുണ്ടാകും, പക്ഷെ അന്ന് അയാള്‍ അനുഭവിച്ച വേദനയ്ക്ക് മരുന്നില്ല; സമുദ്രക്കനി

'സൂര്യയെ ഞാന്‍ പിന്നീട് കണ്ടു. ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ കൈ പിടിച്ചു, ഞാനും അദ്ദേഹത്തിന്റെ കൈയില്‍ മുറുകെ പിടിച്ചു'

dot image

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷെ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ കെെവിട്ടു.

കങ്കുവയെ കുറിച്ച് ഉയര്‍ന്ന ഇത്തരം വിമര്‍ശനങ്ങള്‍ സൂര്യയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് പറയുകയാണ് നടനും സംവിധായകനുമായ സമുദ്രക്കനി. വിമര്‍ശിക്കരുതെന്നല്ല താന്‍ പറയുന്നതെന്നും എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഏല്‍പിക്കുന്ന മുറിവിന് മരുന്നില്ലെന്നും സമുദ്രക്കനി പറഞ്ഞു.

സമൂഹത്തിനായി ഏറെ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തി കൂടിയാണ് സൂര്യയെന്നും അഗാരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് യൂട്യൂബ് ചാനലായ സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമുദ്രക്കനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'സൂര്യ എത്രത്തോളം വേദനിച്ചെന്ന് എനിക്കറിയാം. അദ്ദേഹം ഈ സമൂഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. സമൂഹത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരിക്കല്‍ ഞാന്‍ ട്രക്കിങ്ങിനിടെ വലിയൊരു കുന്നിന് മുകളിലുള്ള ഗ്രാമത്തിലെത്തി.

അവിടെ ഞാന്‍ രണ്ട് പേരെ കണ്ടു. അഗാരം ഫൗണ്ടേഷന്റെ(സൂര്യയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ) ഭാഗമായി ആ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. പലവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വരുന്ന ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ സൂര്യ ചെയ്യുന്നുണ്ട്.

സമ്പാദിക്കുന്നതില്‍ നിന്ന് ഒരു പങ്ക് സമൂഹനന്മയ്ക്കായി ഉപയോഗിക്കണമെന്ന കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരു മനുഷ്യനെ വേദനിപ്പിച്ച് തകര്‍ത്തു കളഞ്ഞല്ലോ എന്നാണ് കങ്കുവയില്‍ വന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ തോന്നിയത്. വിമര്‍ശിക്കരുതെന്ന് ആരും പറയുന്നില്ല. പക്ഷെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്.

സൂര്യയെ ഞാന്‍ പിന്നീട് കണ്ടു. ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ കൈ പിടിച്ചു, ഞാനും സൂര്യയുടെ കൈയില്‍ മുറുകെ പിടിച്ചു. ഒന്ന് ചിരിച്ചു. സൂര്യ വിഷമത്തില്‍ നിന്നും പുറത്തുവന്നു എന്ന് മനസിലായി. കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയും മറ്റു ചിത്രങ്ങളും അവനെ കാത്തുനില്‍ക്കുന്നുണ്ട്. പക്ഷെ അന്ന് ആ സമയത്ത് അയാള്‍ അനുഭവിച്ച വേദന, അതിനു മരുന്നില്ല,' സമുദ്രക്കനി പറഞ്ഞു. സമുദ്രക്കനിയുടെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളി‍ല്‍ ചര്‍ച്ചയാകുന്നുണ്ട്.

Content Highlights: Samuthirakani about Suriya and Kanguva movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us