വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ബേബി ജോൺ. തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് 59 കോടിയോളം മാത്രമാണ് കളക്ഷൻ നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ബേബി ജോണിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവാരത്തിനുള്ളിൽ ചിത്രം പ്രൈമിൽ വാടകയ്ക്ക് ലഭ്യമാകും. ഫെബ്രുവരി 28 ഓടെ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ജോൺ തിയേറ്ററുകളിലെത്തിയത്. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ,അറ്റ്ലി എന്നിവരാണ് ചിത്രം നിർമിച്ചത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്.
സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്. സിറ്റാഡൽ: ഹണി ബണ്ണി എന്ന സീരിസിനായി നടൻ 20 കോടിയായിരുന്നു വാങ്ങിയിരുന്നത്.
കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരാണ് സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപ്തി എന്ന കഥാപാത്രത്തിനായി കീർത്തി സുരേഷ് നാല് കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്. അനന്യ എന്ന കഥാപാത്രമായെത്തിയ വാമിഖയുടെ പ്രതിഫലമാകട്ടെ 40 ലക്ഷം രൂപയാണ്.
സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജാക്കി ഷ്രോഫ് 1.5 കോടി വാങ്ങിയപ്പോൾ, രാജ്പാൽ യാദവ് ഒരു കോടിയാണ് പ്രതിഫലം സ്വീകരിച്ചത്. കാമിയോ റോളിലെത്തിയ സാനിയ മൽഹോത്രയുടെ പ്രതിഫലം ഒരു കോടിയായിരുന്നു. ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനും സിനിമയിൽ ഒരു സ്പെഷ്യൽ കാമിയോ ചെയ്തിരുന്നു. ഈ വേഷത്തിനായി നടൻ പ്രതിഫലം ഒന്നും സ്വീകരിച്ചില്ലെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: Baby John to stream in OTT on Februvary