
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന സബ് ജോണറിലുള്ള സിനിമയുടെ കഥയിൽ മമ്മൂട്ടിയും അദ്ദേഹം നായകനായ കാതോട് കാതോരം എന്ന സിനിമയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സിനിമയിൽ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഴയകാല മമ്മൂട്ടിയെ അണിയറ പ്രവർത്തകർ പുനർനിർമിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ പിന്തുണ കൊണ്ടാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം 'നോ' പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലെന്നും ജോഫിൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ രേഖാചിത്രത്തിന്റെ ഭാഗമാകാൻ തന്നെ സ്വാധീനിച്ച കാര്യങ്ങളെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി.
പാരലൽ ഹിസ്റ്ററിയിൽ കഥ പറയുന്ന സിനിമകൾ അധികം ഒരുങ്ങിയിട്ടില്ല. അത്തരമൊരു പരീക്ഷണമുണ്ടാകുമ്പോൾ നമ്മൾ അതിനൊപ്പം നിൽക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്. പുതിയ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയിരുന്നു അദ്ദേഹം.
‘ആ സിനിമയുടെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. അതുകൊണ്ട് ഞാൻ മാറി നിന്നാൽ ആ സിനിമ പൂർണമാവില്ല. ഈ മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്ന് പറഞ്ഞിട്ട് എനിക്കന്ന് കത്തുകളൊക്കെ വന്നിട്ടുണ്ട്. സത്യത്തിൽ അതൊരു ബ്രില്ല്യന്റ് ചിന്തയാണ്. ഈ പാരലൽ ഹിസ്റ്ററിയിൽ അധികം സിനിമകൾ വന്നിട്ടില്ല. അങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മളും കൂടെ നിൽക്കണ്ടേ.. അത് മാത്രമേ ഞാനും ചെയ്തുള്ളൂ,' എന്ന് മമ്മൂട്ടി പറഞ്ഞു.
അതേസമയം സിനിമയ്ക്കായി മമ്മൂട്ടിയുടെ ഡബ്ബിങ് വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി മോഡുലേഷനിൽ മാറ്റങ്ങൾ വരുത്തി ഡയലോഗ് പറയുന്നതും തന്റെ കൈപ്പടയിൽ 'പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്ന് എഴുതുന്നതുമായ വീഡിയോയാണ് ശ്രദ്ധ നേടിയത്.
Content Highights: Mammootty talks about Rekhachithram movie