സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷനും നേടാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'മാർഗഴി' എന്നാരംഭിക്കുന്ന ഗാനത്തിൽ മമ്മൂട്ടിയും സുഷ്മിത ഭട്ടുമാണ് പ്രത്യക്ഷപ്പെടുന്നത്. ഡാർബുക ശിവ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കീർത്തന വൈദ്യനാഥൻ, കപിൽ കപിലൻ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം കണ്ടവരിൽ നിന്നും ഗാനത്തിന് ലഭിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതിനിടെ, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. 2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.
മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlights: Margazhi song from Dominic and The Ladies Purse out now