ജനപ്രിയ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ ഇന്ദ്രൻസ്. തുടക്കകാലം മുതൽ ഏറെ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇനിയും അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. ഷാഫിയുടെ വിയോഗം വളരെ പെട്ടെന്നായിരുന്നു എന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഒട്ടും പ്രതീക്ഷിച്ചില്ല. തുടക്കം മുതൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അന്നുമുതൽ നിരന്തരം വിളിക്കുകയും സഹകരിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഇനിയും വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, പെട്ടെന്ന് പോയി. ഏറെ വേദനയുണ്ട്,' എന്ന് ഇന്ദ്രൻസ് പറഞ്ഞു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫി വിടപറഞ്ഞത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ജയറാം, ലാൽ, സംയുക്ത വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.
പിന്നീട് കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിവരയുടെ കൂടെ വമ്പൻ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാഫി.
മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, കണ്ണൻ സ്രാങ്ക്, ദശമൂലം ദാമു തുടങ്ങി ഇന്നും മലയാളികൾ ആഘോഷിക്കുന്ന നിരവധി ഐകോണിക് കഥാപാത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ സിനിമകളിലാണ്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.
Content Highlights: Actor Indrans condoles on the demise of Director Shafi