മണിരത്‌നം സംവിധാനത്തിലെത്തിയ 'അലൈ പായുതേ' എന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയാണ്. ഈ ചിത്രം ഹിന്ദിയിൽ ഷാരൂഖ് ഖാനെയും കാജോളിനെയും നായികാ നായകന്മാരാക്കി ചെയ്യാനിരുന്നതായി മണിരത്‌നം പറഞ്ഞു. എന്നാൽ ആ സമയത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് ഇപ്പോള്‍ സിനിമയില്‍ ഉള്ളതുപോലെ അല്ലായിരുന്നുവെന്നും അതിനാല്‍ അലൈ പായുതേ ഒഴിവാക്കി ദില്‍ സെ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി 5 എ റിട്രോസ്പെക്റ്റീവിന്റെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘ഞാന്‍ ഷാരൂഖിനൊപ്പം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത് ‘അലൈ പായുതേ’ എന്ന സിനിമയായിരുന്നു. നായികാ നായകന്മാരായി ഷാരൂഖിനെയും കാജോളിനെയുമാണ് ഞാന്‍ മനസില്‍ കണ്ടത്. ചിത്രത്തിന്റെ കഥ ഷാരൂഖിനോട് പറയുകയും അദ്ദേഹം അത് നമുക്ക് ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ കഥയുടെ അവസാന ഭാഗം ഞാന്‍ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ല.
നിങ്ങള്‍ ‘അലൈ പായുതേ’ കണ്ടിട്ടുണ്ടെങ്കില്‍ മനസിലാകും, അത് ഒരു ദിവസത്തെ ചുറ്റിപ്പറ്റിയാണ് എടുത്തിരിക്കുന്നതെന്ന്. അപകടം സംഭവിച്ച് ഭാര്യയെ കാണാതാവുമ്പോള്‍ നായകന്‍ അത് അന്വേഷിക്കുന്നു. എന്നാല്‍ ആ ഒരു സംഭവം ഷാരൂഖിനോട് കഥ പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ അലൈ പായുതേ ഉപേക്ഷിച്ച് ‘ദില്‍ സെ’യിലേക്ക് മാറി,’ മണിരത്‌നം പറഞ്ഞു.
മാധവനെയും ശാലിനിയെയും നായികാ നായകന്മാരാക്കി 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അലൈ പായുതേ. ചിത്രത്തിന്റെ സഹ-രചന നിര്‍വഹിച്ചതും മണിരത്‌നം തന്നെയായിരുന്നു. അലൈ പായുതേക്കായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.
Content Highlights: 'Alai Payuthey' was the film that was supposed to star Shah Rukh Khan