സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് തമിഴ് നടൻ വിക്രം. ഇന്ന് തനിക്കൊരു പ്രിയസുഹൃത്തിനെ നഷ്ടമായെന്നാണ് വിക്രം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അദ്ദേഹം വിടപറഞ്ഞുവെങ്കിലും നമുക്ക് നൽകിയ നർമ്മ നിമിഷങ്ങൾ കൊണ്ടും ഓർമ്മകൾ കൊണ്ടും ഷാഫി എന്നും ജീവിക്കുമെന്ന് വിക്രം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ 'മജാ'യിൽ വിക്രമായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
'ഇന്ന്, എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടു, ലോകത്തിന് അവിശ്വസനീയമായ ഒരു കഥാകാരനെയും. ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും രസികരായ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം, ജീവിതത്തിലെ ഏറ്റവും ലളിതമായ നിമിഷങ്ങളിൽ സൗന്ദര്യം കാണാൻ കഴിയുന്ന ഒരാൾ. അദ്ദേഹം ഇനി നമുക്കിടയിൽ ഇല്ലായിരിക്കാം. പക്ഷേ നമുക്ക് നൽകിയ ചിരി കൊണ്ടും ഓർമ്മകൾ കൊണ്ടും അദ്ദേഹം എപ്പോഴും ജീവിക്കും. നിങ്ങളെ ഒരിക്കലും മറക്കില്ല,' വിക്രം കുറിച്ചു.
Today, I lost a dear friend and the world lost an incredible storyteller. He was one of the most fun loving & sensitive souls I’ve ever known, someone who could see the beauty in life’s simplest moments.
— Vikram (@chiyaan) January 26, 2025
He may no longer walk among us, but he will always live in the laughter,… pic.twitter.com/HS8xytCvPi
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫി വിടപറഞ്ഞത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ജയറാം, ലാൽ, സംയുക്ത വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.
പിന്നീട് കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിവരയുടെ കൂടെ വമ്പൻ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാഫി.
മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, കണ്ണൻ സ്രാങ്ക്, ദശമൂലം ദാമു തുടങ്ങി ഇന്നും മലയാളികൾ ആഘോഷിക്കുന്ന നിരവധി ഐകോണിക് കഥാപാത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ സിനിമകളിലാണ്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.
Content Highlights: Chiyaan Vikram condoles on the demise of Director Shafi