സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. ഷാഫിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ തന്റെ ഹൃദയം തകർന്നുപോയെന്നാണ് മംമ്ത സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ടു കൺട്രീസ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ നിമിഷങ്ങളുടെ ഓർമകളും നടി പങ്കുവെച്ചു.
ത്രീ കൺട്രീസ് എപ്പോഴാണ് ആരംഭിക്കുക എന്ന് ആരാധകർ ചോദിക്കുന്നതായി താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മൂന്നാമതൊരു കൺട്രിക്കായി നോക്കുകയാന്നെയും അദ്ദേഹം പറയുമായിരുന്നു. എല്ലാത്തിലും നർമം കണ്ടെത്താനുള്ള അപൂർവ്വമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലമുള്ള നഷ്ടത്തിന്റെ വേദന പങ്കുവെക്കാൻ തനിക്ക് വാക്കുകളില്ലെന്നും നടി കുറിച്ചു.
മമ്മൂട്ടി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഷാഫിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ചിട്ടുണ്ട്. തന്നെ മലയാളികൾ എന്നും ഓർക്കുന്ന ദശമൂലം ദാമു എന്ന കഥാപാത്രത്തെ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്റെ വിയോഗം ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് എന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ഷാഫിയുടെ വേർപാട് ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല എന്നും സുരാജ് കുറിച്ചു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫി വിടപറഞ്ഞത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ജയറാം, ലാൽ, സംയുക്ത വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.
പിന്നീട് കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്, ടു കണ്ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിവരയുടെ കൂടെ വമ്പൻ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാഫി.
മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, കണ്ണൻ സ്രാങ്ക്, ദശമൂലം ദാമു തുടങ്ങി ഇന്നും മലയാളികൾ ആഘോഷിക്കുന്ന നിരവധി ഐകോണിക് കഥാപാത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ സിനിമകളിലാണ്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.
Content Highlights: Mamta Mohandas mourns on the demise of Director Shafi