മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാൻ അവസാനിക്കുന്നത് മൂന്നാം ഭാഗത്തിന്റെ സൂചന നൽകി കൊണ്ടാണെന്നും, ചിത്രം വിജയിപ്പിച്ചാൽ മൂന്നാം ഭാഗം ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയ്‌ലർ ലോഞ്ചിലാണ് പ്രതികരണം.
'എമ്പുരാൻ വലിയൊരു വിജയമാകട്ടെ. പാർട്ട് ത്രീ ഇതുപോലെ അല്ല. കുറച്ച് വലിയ പടമാണ്. എമ്പുരാന് വലിയൊരു വിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കഥ തീരണ്ടേ. ലൂസിഫർ നിർത്തിയത് വേണമെങ്കിൽ പാർട്ട് 2 ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. പാർട്ട് 2 തീരുമ്പോൾ പാർട്ട് 3 ഇല്ലെങ്കിൽ കഥ പൂർത്തിയാകില്ല എന്ന വ്യക്തമായ പോയിന്റിലാണ്. അയ്യോ ഇതിന്റെ കഥ ബാക്കി അറിയണമല്ലോ എന്ന പോയിന്റിലാണ് അവസാനിക്കുന്നത്. അത് ചെയ്യാൻ പറ്റട്ടെ. അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ', പൃഥ്വിരാജ് പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj hinted that Empuran will have a third part