ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം തനിക്ക് വന്നിരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് നിർമാതാക്കളായ ലൈക്കക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ താൻ ഒരു പാർട്ട് ടൈം സംവിധായകൻ ആയതിനാൽ രജനി സാറിനായി ഒരു കഥയുണ്ടാകാൻ സാധിച്ചില്ലെന്നും അങ്ങനെ ആ സിനിമ നടക്കാതെ പോയെന്നും പൃഥ്വിരാജ് പറഞ്ഞു. എമ്പുരാൻ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
'ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് വന്നിരുന്നു. ഒരു പുതിയ സംവിധായകൻ എന്ന നിലയിൽ അത് എനിക്ക് വലിയൊരു ഓഫർ ആയിരുന്നു. ഞാൻ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാൻ സാധിക്കുമോയെന്ന് പരമാവധി ശ്രമിച്ചു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസിന് ഒരു ടൈം ലൈൻ ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് അവർക്കുണ്ടായിരുന്നു', പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: I got an oppurtunity to direct Rajini sir says Prithviraj