
മമ്മൂട്ടിയെ നായകനാക്കി ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായെത്തിയിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. തന്റെ പേരിനൊപ്പമുള്ള മേനോൻ ജാതി പേരായി ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടിലെന്നും തന്റെ പങ്കാളി ഒരു ക്രിസ്ത്യനാണെന്നും ഗൗതം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്റെ പേരിന്റെ കൂടെയുള്ള മേനോന്‍ ഒരിക്കലും ജാതിപ്പേരായിട്ട് കണ്ടിട്ടേയില്ല. എന്റെ അച്ഛന്‍ എനിക്ക് നല്‍കിയ പേരാണ് അത്. അദ്ദേഹത്തിന്റെ പേരാണ് വാസുദേവ് എന്ന് പലരും കരുതിയിരിക്കുന്നത്. അച്ഛന്റെ പേര് പ്രഭാ കൃഷ്ണന്‍ എന്നായിരുന്നു. വാസുദേവ് മേനോന്‍ എന്നത് എന്റെ മുത്തശ്ശന്റെ പേരാണ്. ഗൗതം എന്ന പേരിന്റെ കൂടെ വാസുദേവ് മേനോന്‍ എന്ന് ചേര്‍ത്തത് അച്ഛനാണ്. എന്റെ സ്‌കൂള്‍, കോളേജ് റെക്കോഡുകളിലെല്ലാം കൊടുത്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ എന്ന് തന്നെയാണ്. ആദ്യത്തെ സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ നിര്‍മാതാവ് പറഞ്ഞത് ഇത്രയും വലിയ പേര് സംവിധായകര്‍ക്ക് വേണ്ടെന്നാണ്. അങ്ങനെയാണ് ആദ്യകാലത്തെ സിനിമകളില്‍ ഗൗതം എന്ന് മാത്രം കൊടുത്തത്.
പിന്നീട് എനിക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞത് വാരണം ആയിരം എന്ന സിനിമയുടെ സമയത്താണ്. ആ സമയത്താണ് അച്ഛന്‍ എന്നെ വിട്ടു പോയത്. അദ്ദേഹത്തിനോടുള്ള ആദരവും കൂടി കാരണമാണ് ഗൗതം വാസുദേവ് മേനോന്‍ എന്ന പേര് എല്ലാ സിനിമയിലും കാണിച്ചത്. മേനോന്‍ എന്നത് ഒരിക്കലും ജാതിയെ ഉയര്‍ത്തിക്കാണിക്കാനല്ല. എന്റെ പങ്കാളി ഒരു ക്രിസ്ത്യനാണ്. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി ഇദ്ദേഹം എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു. മലയാളത്തിലെ ആദ്യ സംവിധാനമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രവും മികച്ച അഭിപ്രയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്.
Content Highlights: Gautam Vasudev said that Menon with the name was never seen as a caste name