ആഗോള ബോക്സ് ഓഫീസ് തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. വലിയ വിജയം നേടിയെങ്കിലും റിലീസ് സമയത്ത് തന്നെ പുഷ്പയ്ക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയിലെ അല്ലു അർജുന്റെ ജാതര വേഷത്തിലെ ഫൈറ്റും സോങുമാണ് കൂടുതലും വിമർശത്തിന് ഇരയായത്. ഇപ്പോഴിതാ ഒടിടിയിൽ എത്തിയപ്പോഴും ചിത്രത്തിന് നേരെ വിമർശനങ്ങളുണ്ട്.
പുഷ്പയിലെ ക്ലൈമാക്സ് ഫൈറ്റ് കണ്ടതിന് ശേഷം സലാർ സിനിമ ഭേദമാണെന്ന് തോന്നിയെന്നാണ് നെറ്റിസെൻസ് അഭിപ്രായപ്പെടുന്നത്. ആദ്യഭാഗത്തിന്റെ അത്രയും കേമമായില്ല രണ്ടാം ഭാഗമെന്നും അഭിപ്രായങ്ങളുണ്ട്. ജനുവരി 30 നാണ് ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. ഹിന്ദി പതിപ്പാണ് പ്രദർശനം തുടരുന്നത്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്ന തൊട്ടു തലേന്നുള്ള സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം ദിവസ കളക്ഷൻ 19 ലക്ഷം രൂപയായിരുന്നു. വ്യാഴാഴ്ച 14 ലക്ഷം ലഭിച്ചത് വെള്ളിയാഴ്ച 5 ലക്ഷത്തിലേക്ക് താഴുകയും ചെയ്തു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു.
2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കളക്ഷന്‍. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
Content Highlights: Despite reaching OTT, Pushpa 2 continues to run in theaters