മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം ആദ്യ ഭാഗമിറങ്ങി ആറ് വർഷത്തിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജ് ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിച്ചിരുന്നു. എമ്പുരാന്‍റെ ക്ലൈമാക്സ് ചിത്രീകരണം ഗുജറാത്തില്‍ നടന്നിരുന്ന സമയത്ത് കാലാവസ്ഥ മോശമായതിനാല്‍ ആഴ്ചകളോളം ചിത്രീകരണം മുടങ്ങിയെന്നും തിരക്കുള്ള സമയമായിട്ടും മോഹന്‍ലാല്‍ ക്ഷമയോടെ ചിത്രീകരണത്തിനായി കാത്തിരുന്നതിനെ കുറിച്ചും ചടങ്ങില്‍ പൃഥ്വിരാജ് സംസാരിച്ചു.
'നല്ല തിരക്കുള്ള സമയത്താണ് ഞാൻ ലാൽ സാറിനെ ഗുജറാത്ത് ഷെഡ്യൂളിൽ ഷൂട്ടിങ്ങിന് കൊണ്ടുപോകുന്നത്. ക്ലൈമാക്സ് സീനുകൾ എടുക്കാൻ വേണ്ടിയായിരുന്നു അത്. ആഴ്ചകൾ ലാൽ സാർ ഷൂട്ടിംഗ് ഇല്ലാതെ അവിടെ ഇരുന്നിട്ടുണ്ട്. എന്നും രാവിലെ ഒരു പതിനൊന്നര- പന്ത്രണ്ട് മണി ആകുമ്പോൾ നമുക്ക് മനസ്സിലാകും ഇന്നും ഷൂട്ടിംഗ് നടക്കില്ലെന്ന്. കാരണം ഭയങ്കര മഴ ആയിരിക്കും. ഇത് പറയാൻ ഞാൻ ലാൽ സാറിന്റെ റൂമിലേക്ക് ചെല്ലും. ' സാർ ഇന്നും ഷൂട്ടിംഗ് നടക്കില്ല വർക്ക് ഉണ്ടാവില്ല എന്ന് പറയും', അപ്പോൾ ലാൽ സാർ പറയുന്നത് 'മോനെ അത് കുഴപ്പം ഇല്ല, മോൻ അത് നന്നായിട്ട് എടുത്താൽ മതി' എന്നാണ്. ഞാൻ അതൊന്നും ഒരിക്കലും മറക്കില്ല. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ഇതൊക്കെ നല്ല ഓർമകളാണ് അതുപോലെ ഒരു നടൻ എന്ന രീതിയിൽ പാഠവും,' പൃഥ്വിരാജ് പറഞ്ഞു.
#PrithvirajSukumaran about #Mohanlal 🥹🤍!
— Abhijith Rs (@_abhijith4u2255) January 31, 2025
Btwn climax gujarat schedule..?😁 pic.twitter.com/KwnLsHfIP2
ലൂസിഫറിന്‍റെ വന്‍വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
Content Highlights: Prithviraj says he was shocked Lal sir's reaction when the shooting was halted