മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ചിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു ഷാപ്പിൽ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതാണ്.
ചിത്രത്തിൽ ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പൊലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് പ്രധാന വേഷങ്ങളിലുള്ളത്.
കണ്ണൻ എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അതുപോലെ തന്നെ ബേസിലിന്‍റെ കരിയറിലെ തന്നെ ആദ്യ പൊലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ് ഐ സന്തോഷ് സി.ജെ എന്ന കഥാപാത്രം ബേസിലിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. കേസന്വേഷണത്തിന്‍റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതിൽ ബേസിലിന്‍റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്.
ചെമ്പന്‍റേയും ചാന്ദ്‍നിയുടേയും വേഷങ്ങളും ഏറെ മികച്ച് നിൽക്കുന്നതാണ്. മറിമായത്തിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കർ, സിലോൺ എന്ന കഥാപാത്രമായി ചിത്രത്തിൽ ഞെട്ടിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്‍റേയും കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. തോട്ട ബിജുവായി ശബരീഷ് വർമ്മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്.
'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ശ്രീരാജിന‍്റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Content Highlights: Pravinkoodu Shappu movie enters into third week