'ഇത് വിവാദമാക്കുന്നത് എന്തിന്?'; സെൽഫി എടുക്കാനെത്തിയ ആരാധികമാരെ ചുംബിച്ച സംഭവത്തിൽ ഉദിത് നാരായൺ

സംഭവത്തിൽ വലിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്

dot image

സം​ഗീത പരിപാടിക്കിടെ സെൽഫി എടുക്കാനെത്തിയ ആരാധികമാരെ ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി ഗായകൻ ഉദിത് നാരായൺ. ആരാധകർ ആവേശം കൊണ്ട് ഇത്തരത്തിൽ പെരുമാറുന്നത് സ്വാഭാവികമാണ്. അതിനെ അനാവശ്യമായ തരത്തിൽ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്ന് ഉദിത് നാരായൺ പറഞ്ഞു.

ആരാധകര്‍ ചില സമയങ്ങളിൽ ഇത്തരത്തിൽ പെരുമാറുന്നത് സ്വാഭാവികമാണ്. പക്ഷേ തങ്ങൾ മാന്യന്മാരാണ്‌. ചില ആരാധകർ ചുംബിക്കുന്നതടക്കമുള്ള സ്നേഹപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. അതിനെ വിവാദമാക്കുന്നത് എന്തിന് എന്ന് ഉദിത് നാരായൺ ചോദിച്ചു.

വേദിയിൽ സുരക്ഷാജീവനക്കാർ ഉൾപ്പടെ നിരവധി ആളുകളുണ്ടാകും. എന്നാൽ തങ്ങളെ കണ്ടുമുട്ടാൻ അവസരം ലഭിക്കുകയാണെന്ന് ആരാധകർ കരുതുന്നു. അതിനാൽ ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍മതി, ചിലര്‍ കൈയില്‍ ചുംബിക്കും. അവസരം കിട്ടിയാല്‍ ചിലര്‍ കെട്ടിപ്പിടിക്കും ഉമ്മവെക്കും. ഇതിനെയൊന്നും അത്ര കാര്യമായി എടുക്കേണ്ടതില്ല എന്ന് ഉദിത് നാരായൺ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ​ഗാനം പാടുന്നതിനിടയിൽ ഒരു ആരാധിക വേദിയിലേക്ക് കടന്നുവരികയും സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികമാരെ ഉദിത് നാരായൺ ചുംബിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത് ഏത് പരിപാടിയിൽ നിന്നുള്ളതാണ് എന്ന് വ്യക്തമല്ല. സംഭവത്തിൽ വലിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

Content Highlights: Udit Narayan Justifies Kissing Female Fans At Concert

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us