മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം വല്യേട്ടന്റെ റീ റിലീസ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ആയിരുന്നു ചിത്രത്തിന്‍റെ 4 കെ പതിപ്പ് റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ വല്യേട്ടൻ 4 കെ പതിപ്പ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ഫെബ്രുവരി ഏഴിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.
രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.
Content Highlights: Vallyettan 4 k version to stream in OTT soon