ഒരു എൻസൈക്ലോപീഡിയയാണ് കമൽ ഹാസനെന്ന് നടൻ ജയ്ദീപ് അഹ്‌ലാവത്. എന്തിനെക്കുറിച്ച് ചോദിച്ചാലും അദ്ദേഹത്തിന്റെ പക്കൽ റെഫറൻസ് ഉണ്ടാകുമെന്നും കാമറ, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലയെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടെന്നും ജയ്‌ദീപ് പറഞ്ഞു. സ്മിത പ്രകാശ് നടത്തിയ പോഡ്‌കാസ്റ്റിലാണ് ജയ്‌ദീപ് കമൽ ഹാസനൊപ്പം വർക്ക് ചെയ്തതിനെപ്പറ്റിയുള്ള അനുഭവം പങ്കുവച്ചത്. കമൽ ഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളത്.
'സിനിമയ്ക്കായുള്ള കമൽ സാറിന്റെ റിസർച്ച് അതിഗംഭീരമാണ്. ഒരുപാട് സജഷൻസ് അദ്ദേഹം നമുക്ക് തരും. ഒരുപാട് വായിക്കുന്ന ആളാണ് കമൽ സാർ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ആരുമല്ല. ഒരു എൻസൈക്ലോപീഡിയക്കൊപ്പമാണ് നമ്മൾ വർക്ക് ചെയ്യുന്നതെന്ന് തോന്നി പോകും', ജയ്‌ദീപ് പറഞ്ഞു. കമൽ ഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ചിത്രമാണ് വിശ്വരൂപം. ഗംഭീര അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ആൻഡ്രിയ, രാഹുൽ ബോസ്, പൂജ കുമാർ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശങ്കർ-എഹ്‌സാൻ-ലോയ് ആയിരുന്നു സിനിമക്ക് സംഗീതം നൽകിയത്.
മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ ചിത്രം. 'നായകൻ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒരുമിക്കുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 2025 ജൂണ്‍ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഐശ്വര്യ ലക്ഷ്മി, സിലമ്പരശൻ, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Kamal Sir is an encyclopedia says Jaideep Ahlawat